Tuesday, July 14, 2009

എന്റെ ബാദ്ധ്യതകള്‍‌ -Xhevahir spahiu-അല്‍ബേനിയ

((അല്‍ബേനിയന്‍ കവി Xhevahir spahiu ന്റെ My debts എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)
(ഇങ്ക്ലീഷ് വിവര്‍‌ത്തനം ഇവിടെ വായിക്കാം)


മരിച്ചുപോകും ഞാന്‍
തീരാക്കടങ്ങളിലാണ്ട് തീര്‍‌ന്നുപോകും.
പുഴയൊഴുക്കിന്റെ ആഴങ്ങള്‍‌,
ഗ്യാസ്ചേം‍ബറുകള്‍‌,
ഇവിടൊന്നുമല്ല മരണം!

കുഴിമാടത്തില്‍‌ തലക്കല്ലിടാഞ്ഞതിന്‌
അമ്മയ്ക്കു ഞാന്‍ കടക്കാരന്‍‌
ഒരു മുന്തിരിത്തല പടര്‍‌ത്താതെ
ഓക്കുമരത്തിനോട്,
കഴിഞ്ഞ ഞായറില്‍‌ കവര്‍‌ന്നതിന്‌
പ്രണയത്തിനോട്,
പേര്‍ചൊല്ലി വിളിക്കാതെ
പാപത്തിനോട്.

മരിച്ചുപോകും ഞാന്‍
ഏറിയ ബാദ്ധ്യതകളിലൊടുങ്ങിപ്പോകും.

സ്വപ്നം കണ്ടില്ല,
വാക്കിനോടു കടം.
ചിറകില്‍‌ വെള്ളതേച്ചില്ല,
കാക്കയോടു കടം.
കടമാണ്‌, 1913 നോട്
തലോടിയില്ലഞാന്‍
അതിന്റെ മുറിവിലൊന്നും.
വാതില്‍‌പ്പടിയില്‍‌ വെച്ചുപോന്ന
വിദൂരഭൂതത്തിന്റെ കറുപ്പിന്‌
വരുംനാളിനോടാണു കടം.

കടങ്ങളില്‍‌മുങ്ങിയാവും എന്റെ ഉയിര്‍പോവുക..

കടക്കാരനാണുഞാന്‍‌
ജീവിച്ചിരിപ്പവരോട് ;
കടക്കാരന്‍‌തന്നെ
മരിച്ചവരോടും.

എല്ലാക്കടങ്ങളുമൊടുക്കാനായി
വില്‍ക്കും ഞാന്‍
കല്ലറയിലെ
എന്റെ ഓര്‍‌മ്മക്കല്ല്.


അത്രതന്നെ..
ഇനി
നീ പറയുക
നീയെനിക്കെന്തുമാത്രം കടപ്പെട്ടവനാണ്‌?

Sunday, July 12, 2009

നദിയെ വിവര്‍ത്തനം ചെയ്യുമ്പോള്‍‌


(അല്‍ബേനിയന്‍ കവി Xhevahir spahiu ന്റെ Translating The River എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)


(ഇങ്ക്ലീഷ് വിവര്‍‌ത്തനം ഇവിടെ വായിക്കാം)

കുത്തിയിരിപ്പുഞാന്‍‌
നദിയെ വിവര്‍‌ത്തനം ചെയ്യുവാന്‍
കഠിനാമാണുദ്യമം
ജലമിതിന്‍‌പരിഭാഷയെങ്കിലും

വാക്കസാധാരണം
ശൈലി,വ്യവസ്ഥിതം
കാലാനുവര്‍ത്തിയല്ലീത്താളമെങ്കിലും
ഉറവിടങ്ങള്‍ നൂറുനൂറാകിലും
ഒറ്റശബ്ദത്തിലുച്ചത്തിലെന്നുമിതു
ഘോഷിപ്പതെല്ലാം
പഴങ്കഥകള്‍ മാത്രമാണെങ്കിലും
നിത്യവും രാവില്‍ വിവര്‍ത്തനം ചെയ്യുന്നു
പുത്തന്‍പ്രഭാതത്തില്‍‌ മാഞ്ഞുപോയീടുന്നു

Tuesday, June 16, 2009

ചിരികള്‍തോറുമെന്‍ പട്ടടത്തീപ്പൊരി ചിതറിടുന്നൊരരങ്ങത്തു നിന്നിനി വിടതരൂ മതി പോകട്ടേ ഞാനുമെന്‍ നടന വിദ്യയും മൂക സംഗീതവും ....









കാവ്യം സുഗേയം

ആലാപനം-മണിനാദം -ഇടപ്പള്ളി രാഘവൻപിള്ള

കവിത ഇവിടെ വായിക്കാം




Sunday, May 31, 2009

ബാക്കി......

തണുത്തുപോയ്‌
ഉള്ളിൽ ഇനിപ്പായ്‌-
സ്നേഹത്തിൻ മെഴുക്കായ്‌
പ്രാണനിൽ
പ്രണയത്തിൽ ചൂടായ്‌
സുഗന്ധമായ്‌ എന്നും
രുചി പകർന്നൊരാ
നറും നെയ്പ്പായസം....


മലയാളത്തിന്റെ മാധവിക്കുട്ടിക്ക്‌
ജ്യോതിസ്സിന്റെ പ്രണാമം....

Wednesday, May 27, 2009

വായനശാല: പേശാമടന്ത_ജ്യോതിബായ് പരിയാടത്ത്

വായനശാല: പേശാമടന്ത_ജ്യോതിബായ് പരിയാടത്ത്

Tuesday, May 5, 2009

'പേശാമടന്ത' പുസ്തകപ്രകാശനം 01-05-2009 5.30 pm



പുസ്തകപ്രകാശനവേദി- എം. ഡി രാമനാഥന്‍ ഹാള്‍ ചെമ്പൈ സ്മാരക സംഗീത കോളേജ്‌ പാലക്കാട്‌
സുഭാഷ്ചന്ദ്രന്‌ പുസ്തകം നല്‍കിക്കൊണ്ട്‌ ആഷാമേനോന്‍ പ്രകാശനം നിര്‍വഹിക്കുന്നു. വേദിയില്‍ സുഭാഷ്ചന്ദ്രന്‍, ജ്യോതീബായ്‌, ശിവകുമാര്‍ അമ്പലപ്പുഴ,എന്‍ രാധാകൃഷ്ണന്‍നായര്‍, പി എ. വാസുദേവന്‍, ആഷാമേനോന്‍, സെബാസ്റ്റ്യന്‍, ശ്രീകുമാര്‍കരിയാട്‌, വിജു നായരങ്ങാടി
(more photos in blog pesamatantha )
(കൂടുതല്‍ ഫോട്ടോകള്‍ ഈ ലിങ്കില്‍)

Tuesday, March 10, 2009

നാളേയ്ക്കുള്ള ചില പെണ്‍കരുതലുകള്‍

പ്രസിഡണ്ടാണ്‌ വിഷയം നിര്‍ദ്ദേശിച്ചത്‌
ഇതില്‍പ്പരം റെലവന്റും സ്യൂട്ടബിളുമായ
സബ് ജെക്ട് ഇനിയെന്തുള്ളൂ എന്ന്‌
സെക്രട്ടറി സെക്കന്‍ഡ്‌ ചെയ്തു
അഞ്ചംഗക്കമ്മിറ്റിയുടെ കൈയ്യടിയോടെ
സെമിനാര്‍ ടോപിക്‌
തീരുമാനിയ്ക്കപ്പെട്ടു.

അബലയെന്നും ചപലയെന്നും
കണ്ണീര്‍ത്തുടരിലെ നായികയെന്നും
സ്ഥിരമായി അടയാളപ്പെടുത്തിയും
ചര്‍വിതചര്‍വണങ്ങള്‍ മാത്രം ചെയ്തും
പീഡിപ്പിയ്ക്കുകയാണ്‌
ആണ്‍കോയ്മയുടെ
സമൂഹം
എന്നും, നാടിന്റെ വികസനവഴികളില്‍
മുന്‍നടക്കാന്‍ സ്ത്രീകള്‍ക്ക്‌ പ്രാപ്തിയുണ്ടോ എന്ന
വെല്ലുവിളി ഏറ്റെടുക്കുകയാണ്‌
ഈ വനിതാദിനത്തില്‍
ഉയര്‍ന്ന ചിന്താഗതിക്കാരായ
നമ്മെപ്പോലുള്ളവര്‍ക്ക്‌ കരണീയമെന്നും
അല്‍പസ്വല്‍പം ഭാഷയുടെ അസ്കിതയുള്ള
ഉപകാര്യദര്‍ശി ചൊല്ലിയാടി.

സമയബോധം മസ്റ്റ്‌ ആയതുകൊണ്ട്‌
ടൈം മാനേജുമെന്റ് ഹാന്‍ഡില്‍ ചെയ്തുകൊള്ളാമെന്ന്‌
സല്‍വാറിന്റെ
നെറ്റഡ്‌ മേലാട
ഒന്നുകൂടി വലിച്ചിട്ട്‌
കീഴേ മാറുയരത്തിലേയ്ക്ക്‌ ഒളികണ്ണിട്ട്‌
ആത്മവിശ്വാസമുറപ്പിച്ചു ട്രഷറര്‍ .

ഫ്യൂച്ചറിലേയ്ക്കുള്ള പ്ലാനിംഗില്‍
കിച്ചണ്‍ ‍മാറ്റിനിര്‍ത്തിക്കൂടെന്നും
ഇഷ്ടവിഷയംന്റെ കൈയ്യില്‍ സേയ്ഫ്‌ എന്നും
മുടമ്പല്ലില്‍ കുരുങ്ങിപ്പോയ ചില്ലിചിക്കന്‍
സൂക്ഷ്മതയോടെ കുത്തിയെടുത്ത്‌
വൈസ്പ്രസിഡണ്ട്
വാക്കിനൊപ്പം ചവച്ചുതുപ്പി.

ചെലവിന്റെ പെണ്‍കരുതലുകള്‍
കണ്ടും കേട്ടും
അസ്തപ്രജ്ഞരായ കാണികളെ
താന്‍പോരിമയില്‍ നോക്കുന്ന
വേദിയിലെ
സിംഹികളെ
സ്വപ്നത്തില്‍ കണ്ട്‌
അന്ന്‌
നിര്‍വൃതിക്കൊണ്ടവരഞ്ചുപേര്‍.

പ്രസംഗപരിചയമില്ലെങ്കിലും
പ്രായോഗികബോധം കൂടിയ
ആറാമതൊരുവള്‍
'ഭാവിയിലേയ്ക്കുള്ള പെണ്‍കരുത'ലിന്‌
ഒരു ഉള്‍പിരിവുകൂടി ഉണ്ടെന്ന്
അന്നുരാത്രിയില്‍ത്തന്നെ ഓര്‍മ്മിപ്പിച്ചത്‌
മാര്‍ച്ച്‌ എട്ടിലെ പത്രങ്ങള്‍
പ്രാദേശികപേജ്‌ നിവര്‍ന്ന്
അവരെയും അറിയിക്കുമായിരിക്കും


സുഗതകുമാരിടീച്ചര്‍ക്ക്‌..